
തൃശൂർ. തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന സാഹചര്യം ഇന്നലെ ശ്രദ്ധയിൽപ്പെട്ടതോടെ പാലക്കാട് ജില്ലാ കളക്ടറുമായി സംസാരിച്ച് അടിയന്തരയോഗം ചേർന്ന് മലമ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്ന് വിടാൻ തീരുമാനിച്ചുവെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് പൈങ്കുളം ഭാഗത്തെ കേരള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് ആശങ്കയിലായ സാഹചര്യത്തിലാണ് തൃശൂർ, പാലക്കാട് ജില്ലാ കളക്ടർമാരും ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും യോഗം ചേർന്നത്. പ്രശ്നപരിഹാരമായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനമായി.
ഈ നടപടി വഴി ബാധിത പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിച്ച് നടപടി വേഗത്തിൽ നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർക്കും മറ്റും ജാഗ്രതാ നിർദേശങ്ങൾ നൽകേണ്ടതുണ്ടെങ്കിൽ അത് നൽകുവാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply