
പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ചുവന്നമണ്ണ്, പത്താംകല്ല്, വാണിയംപാറ എന്നീ സ്ഥലങ്ങളിൽ ക്യാറ്റിൽ വേ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അടിയന്തര പ്രമേയം പാസാക്കി. ദേശീയപാത അധികൃതർ ചുവന്നമണ്ണിലെ ഹൈവേ ക്രോസിംഗ് അടച്ചുപൂട്ടിയതിനെ തുടർന്നാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. താണിപ്പാടം, പൂവൻചിറ, ചുവന്നമണ്ണ്, വഴുക്കുംപാറ, തെക്കുംപാടം തുടങ്ങിയ വാർഡുകളുടെ സംഗമഭൂമിയാണ് ചുവന്നമണ്ണ്. ആരാധനാലയങ്ങൾ, സ്കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, റേഷൻ കട, പാൽ സൊസൈറ്റി, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ ദേശീയപാത മുറിച്ചു കടന്നുവേണം പോകാൻ. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ദേശീയപാത അടച്ചുപൂട്ടിയത് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കി എന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
പ്രദേശത്ത് ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിച്ചാലും പ്രായമായ ആളുകൾക്ക് ഇത് കയറിയിറങ്ങുക ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ക്യാറ്റിൽ വേ നിർമ്മിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. മാത്രമല്ല ദേശീയപാതയുടെ ഇരുവശവും ഉള്ള സർവീസ് റോഡുകളുടെ സ്ഥിതിയും ഏറെ ശോചനീയമാണ്. ടാറിങ് നടത്തി തെരുവ് വിളക്കുകൾ സ്ഥാപിച്ച് സർവീസ് റോഡുകളും അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചായത്ത് സെക്രട്ടറി ഡോ. ബിന്ദു ടി.എൻ, പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ പി ചാക്കോച്ചൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അനുവാതക ആറാം വാർഡ് മെമ്പർ ഡീന മോളും അവതാരക ഒമ്പതാം വാർഡ് മെമ്പർ സോഫി ജിജിയും ചേർന്ന് പ്രമേയം സമർപ്പിച്ചു. എല്ലാവരും ചേർന്ന് ഐക്യകണ്ഠേന പ്രമേയം പാസാക്കി.

Leave a Reply