
എറണാകുളം. മൂവാറ്റുപുഴ ആവോലി വള്ളിക്കടവിൽ പുഴയിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിൻ സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അശ്വിനൊപ്പം കാണാതായ ക്രിസ് വിനുവിനായി തിരച്ചിൽ തുടരുന്നു. പ്ലസ്ടു വിദ്യാർഥികളാണ് ഇരുവരും.
ഞായറാഴ്ച വൈകുന്നേരം കുളിക്കാനായി പുഴയിൽ ഇറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപെടുകയായിരുന്നു. ആറുപേരാണ് പുഴയിലിറങ്ങിയത്. അവധിക്കാലമായതിനാൽ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങിയതാണ്. ഒരാൾ ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റേയാളും ഒഴുക്കിൽപെടുകയായിരുന്നു.
തുടർന്ന് സ്‌കൂബ ടീമും ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് പുലർച്ചെ ഒന്നു വരെ തിരച്ചിൽ നടന്നിരുന്നു. രാവിലെ വീണ്ടും തിരച്ചിൽ നടത്താൻ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്റെ തൊട്ടടുത്ത കടവിൽ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തുന്നത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്‌കൂളിലും അശ്വിൻ മൂവാറ്റുപുഴ എസ്എൻഡിപി സ്‌കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.

Leave a Reply