മുണ്ടത്തിക്കോട് ദുരന്തം: സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ശേഷം തൃശൂർ കളക്ടറേറ്റിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. അടിയന്തരസഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 50 ലക്ഷം രൂപ ജില്ലാ ഭരണകുടത്തിനു കൈമാറിയിട്ടുണ്ട്.

മരിച്ചവരുടെ ആശ്രിതർക്കു സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്കു ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രത്യേക സഹായമായി രണ്ടുലക്ഷം രൂപയും നൽകും.

പരിക്കേറ്റവർക്ക് ആറുമാസത്തേക്കുള്ള സർക്കാർ സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ പൂർണ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ആവശ്യമായ തുക ജില്ലാ കളക്ടർക്ക് അനുവദിക്കും. ആറുമാസത്തിലധികം ചികിത്സ വേണ്ടിവരികയാണെങ്കിൽ പൂർണമായ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകും.

തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മറ്റുമായി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർവസ്ഥിതിയിലാക്കാൻ ചെലവാകുന്ന തുക ജില്ലാ കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്‌ഫോടനത്തിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്കു നിർദേശം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading