
തൃശൂർ. റീത്തു വാങ്ങാനെന്ന് തെറ്റിധരിപ്പിച്ചെത്തിയ വ്യാജ പോലീസുകാരൻ പൂക്കട ജീവനക്കാരനിൽ നിന്ന് പണം തട്ടിയെടുത്തു. കഴിഞ്ഞ രാത്രി കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പൂക്കടയിലാണ് തട്ടിപ്പ് നടന്നത്.
രാത്രി 12ന് പൂക്കടയിൽ കിടന്നുറങ്ങുകയായിരുന്ന ജീവനക്കാരനെ വിളിച്ചുണർത്തിയശേഷം 500 രൂപയുടെ ഒരു റീത്ത് വേണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിലേയ്ക്കാണെന്ന വ്യാജേന ഫോണിലൂടെ വിളിച്ച് റീത്തിൽ എഴുതേണ്ടത് എന്താണെന്നതടക്കം ചോദിച്ചു കൊണ്ടിരുന്നു. 500 രൂപയുടെ റീത്ത് വേണമെന്ന് ആവശ്യപ്പെട്ട ഇയാൾ പിന്നീട് നാല് റീത്ത് കൂടി വേണമെന്ന് ആവശ്യപ്പെട്ടു. 45 മിനിറ്റിനുശേഷം നൽകാമെന്ന് പറഞ്ഞ ജീവനക്കാരനോട് ഓട്ടോറിക്ഷയ്ക്ക് നൽകാൻ ചില്ലറയില്ലന്നും 400 രൂപ പണമായി വേണമെന്നും ആവശ്യപ്പെട്ടു. 400 രൂപ ജീവനക്കാരൻ ഇയാൾക്ക് നൽകി. റീത്ത് കെട്ടിയ ശേഷം ജീവനക്കാരൻ ഇയാൾക്കു വേണ്ടി ഉറക്കമൊഴിച്ച് കാത്തിരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞശേഷം ഇയാൾ വരാതിരുന്നപ്പോൾ പൂക്കച്ചവട ജീവനക്കാരൻ കടയിൽ നിന്ന് പുറത്തിറങ്ങി സമീപത്തെ ചായക്കടയിൽ പോയി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണന്ന് മനസിലായത്. ഉറങ്ങി കിടന്നവനെ വിളിച്ചുണർത്തി പണം തട്ടിയെടുത്ത വിരുതനെ കണ്ടെത്താൻ കഴിഞ്ഞില്ല. കുന്നംകുളത്തും പരിസരത്തും സമാനമായ രീതിയിൽ ഇയാൾ ചില തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇയാളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ട നാട്ടുകാർ പറഞ്ഞത്.

Leave a Reply