പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു

പുത്തൂർ: സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാർക്കിലേക്കു പൊതുജനങ്ങളുടെ ആദ്യസന്ദർശനം നടന്നത്.

രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. മുതിർന്നവർക്കു 100 രൂപയും അഞ്ചു മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കു 30 രൂപയും മുതിർന്ന പൗരന്മാർക്കു 50 രൂപയുമാണ് നിരക്ക്. ഭിന്നശേഷിയുള്ള വ്യക്തികൾക്കു പ്രവേശനം സൗജന്യമായിരിക്കും. ഹെഡ്മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതിയോടെ സ്‌കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർഥികൾക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കിന്റർഗാർട്ടൻ, എൽകെജി, യുകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമായിരിക്കും.

ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗിനായി 25 രൂപയും ഓട്ടോറിക്ഷകൾക്കു 30 രൂപയും കാർ അല്ലെങ്കിൽ ജീപ്പ് എന്നിവയ്ക്കു 100 രൂപയും 32 സീറ്റുകൾ വരെയുള്ള വാൻ അല്ലെങ്കിൽ ടെമ്പോ അല്ലെങ്കിൽ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസുകൾക്ക് 250 രൂപയും പാർക്കിംഗ് ഫീസായി നൽകണം. സ്റ്റിൽ കാമറയ്ക്ക് 350 രൂപയും വീഡിയോ കാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.

സുവോളജിക്കൽ പാർക്ക് ചുറ്റിക്കാണുന്നതിനായി കെഎസ്ആർടിസിയുടെ രണ്ട് നോൺ എസി ഇലക്ട്രിക് ബസുകൾ സജ്ജമായിട്ടുണ്ട്. മുതിർന്നവർക്ക് 50 രൂപയും അഞ്ചുമുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. പാർക്കിലെത്തുന്നവർക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫറ്റീരിയയും നാലു ഫുഡ് കിയോസ്‌കുകളും സജ്ജാമായി. ടോയ്‌ലറ്റ് ബ്ലോക്കുകളും തയ്യാറായിക്കഴിഞ്ഞു. മറ്റു മൃഗശാലകളിലെപ്പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading