
വടക്കുഞ്ചേരി. നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ടൗണിലും പരിസര പ്രദേശങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സാമ്പിൾ വെടിക്കെട്ട്, താലപ്പൊലി, വേല ആഘോഷങ്ങൾ എന്നിവ പ്രമാണിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഏപ്രിൽ രണ്ടിന് വൈകീട്ട് അഞ്ച് മുതൽ രാത്രി ഒൻപത് വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ഈ സമയത്ത് കൊല്ലങ്കോട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കോവിലാമുക്ക് വഴി തിരിഞ്ഞു പോകണം. തൃശൂർ ഭാഗത്ത് നിന്നുള്ളവ ചിറ്റിലഞ്ചേരിയിൽ നിന്ന് ആലത്തൂർ വഴിയും പാലക്കാട് ഭാഗത്ത് നിന്നുള്ളവ പല്ലാവൂരിൽ നിന്ന് തിരിഞ്ഞ് കുനിശ്ശേരി വഴിയും പോകേണ്ടതാണ്. നെന്മാറയിലേക്ക് വരുന്ന വാഹനങ്ങളെ ചേരാമംഗലത്ത് നിന്ന് ആയിനംപാടം ഭാഗത്തേക്കും, അയിലൂരിൽ നിന്നുള്ളവയെ കൈപ്പഞ്ചേരി വഴി എൻ.എസ്.എസ് കോളേജ് ഭാഗത്തേക്കും തിരിച്ചുവിടും.
വേല ദിവസമായ ഏപ്രിൽ മൂന്നിന് രാവിലെ 11 മുതൽ ഏപ്രിൽ നാലിന് രാവിലെ എട്ട് വരെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. കൊല്ലങ്കോട് വഴി വരുന്ന വാഹനങ്ങൾ കോവിലാമുക്ക് വഴി തിരിഞ്ഞു പോകണം. തൃശൂർ ഭാഗത്ത് നിന്നുള്ള ഗതാഗതം ചിറ്റിലഞ്ചേരിയിൽ നിന്ന് കുനിശ്ശേരി വഴി തിരിച്ചുവിടും. പാലക്കാട്, ചേരാമംഗലം വഴി നെന്മാറയിലേക്ക് വരുന്ന വാഹനങ്ങൾ പല്ലാവൂർ വഴി കുനിശ്ശേരി ഭാഗത്തേക്ക് പോകേണ്ടതാണ്. അയിലൂർ വഴി വരുന്ന വാഹനങ്ങൾ കായഞ്ചേരി വഴി എൻ.എസ്.എസ് കോളേജ് ഭാഗത്തേക്ക് തിരിഞ്ഞു പോകണം. ചാത്തമംഗലം, പോത്തുണ്ടി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ അളവുശ്ശേരിയിൽ പോലീസ് നിയന്ത്രിക്കും. ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുജനങ്ങൾ പോലീസുമായി പൂർണമായും സഹകരിക്കണമെന്ന് നെന്മാറ പോലീസ് അറിയിച്ചു.

Leave a Reply