
തമിഴ്‌നാട്. തൂത്തുക്കുടിയിലെ വ്യാപാരി പി ജയരാജിനേയും മകൻ ജെ ബെനിക്‌സിനേയും കസ്റ്റഡിയിൽ പോലീസുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മധുര ജില്ലാ കോടതി ഒൻപത് പോലീസുകാർക്കും വധശിക്ഷ വിധിച്ചു. ഇൻസ്‌പെക്ടർ ശ്രീധർ, സബ് ഇൻസ്‌പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ് എന്നിവരും പോലീസുകാരായ മുരുകൻ, സാമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയിലുമുത്തു എന്നിവർക്കുമാണ് വധശിക്ഷ ലഭിച്ചത്. മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥർ 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു.
2020 ജൂൺ 19നാണ് മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ജയരാജും ബെനിക്‌സും പോലീസ് കസ്റ്റഡിയിലായത്. കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈൽ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.എന്നാൽ ഇത് പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. സാത്താൻകുളം പോലീസ് സ്‌റ്റേഷനിൽ വെച്ച് രാത്രി മുഴുവൻ ഇവർ ക്രൂരമായ മർദ്ദനത്തിനിരയായി. ദിവസങ്ങൾക്കുള്ളിൽ ഇരുവരും മരണപ്പെട്ടു.
മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം ഉൾപ്പെടെ അതീവ ഗുരുതരമായ പരുക്കുകൾ ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള ക്രൂരമായ മർദ്ദനമാണ് നടന്നതെന്ന് സിബിഐ കണ്ടെത്തി. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ അന്വേഷണസംഘം നേരിട്ടു.
രാത്രി മുഴുവൻ അച്ഛനെയും മകനെയും മർദ്ദിച്ചുവെന്നും മേശകളിലും ലാത്തികളിലും രക്തക്കറ ഉണ്ടായിരുന്നു എന്നുമുള്ള ഒരു വനിതാ കോൺസ്റ്റബിളിന്റെ മൊഴി കേസിൽ നിർണ്ണായകമായി. അഞ്ച് വർഷത്തിലേറെ നീണ്ടുനിന്ന വിചാരണയിൽ നൂറിലധികം സാക്ഷികളെ കോടതി വിസ്തരിച്ചു. പരിക്കുകൾ സ്വയം വരുത്തിവെച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം ജഡ്ജി പൂർണ്ണമായും തള്ളി.

Leave a Reply