
തിരുവനന്തപുരം: കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നു. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും നിതിന്റെ മരണത്തിന് കാരണമായെന്ന സംശയത്തിലാണ് പോലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാൽ, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നുണ്ട്.
അടിയന്തരമായി 8000 ലധികം രൂപ അടയ്ക്കണമെന്ന് ലോൺ മാഫിയ സംഘം നിതിന് സന്ദേശം ആയച്ചിരുന്നു. ഇതിന് മറുപടിയായി താൻ പാവമാണെന്നാണ് നിതിൻ അയച്ച ചാറ്റും പൊലീസ് ലഭിച്ചു. ഓൺലൈൻ വായ്പ സംഘം നിതിന്റെ അധ്യാപികക്കും ഭീഷണി സന്ദേശം അയച്ചെന്ന് പൊലീസ് പറയുന്നു. അധ്യാപികയെയും ലോൺ ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് അധ്യാപിക പ്രിൻസിപ്പിലിന് പരാതിയും നൽകി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ലോൺ ആപ്പിൽ നിന്ന് പണമെടുത്തത് വീട്ടിൽ അറിഞ്ഞാണെന്നും അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം എടുത്തതെന്നും നിതിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോൺ മാഫിയയുടെ ഭീഷണിയെ കുറിച്ച് കോളേജ് അധികൃതർ കുടുംബത്തെ അറിയിച്ചില്ലെന്നും അച്ഛൻ പറയുന്നു.

Leave a Reply