നാടെങ്ങും വിളവെടുപ്പ് ഉത്സവം; വിഷു വിപണി കീഴടക്കി കുടുംബശ്രീ

തൃശൂർ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽകാല പച്ചക്കറി കൃഷികൾ വിളവെടുത്തു. വിഷരഹിത പച്ചക്കറികളിൽ വിഷുക്കണിയൊരുക്കാൻ കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ മണ്ണിൽ പൊന്ന് വിളയുകയാണ്. കണിവെള്ളരിയും തണ്ണിമത്തനും നാടൻ പച്ചക്കറികളുമെല്ലാം കൃഷി ചെയ്ത് വിഷു ചന്തകളിലൂടെ വിപണനം നടത്തുകയാണ് കുടുംബശ്രീ.

‘വേനൽ മധുരം’ പദ്ധതിയിൽ 68.75 ഏക്കർ വിസ്തൃതിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 4,01,234 കിലോഗ്രാം തണ്ണിമത്തനാണ്  കൃഷി ചെയ്തത്. 66 സി ഡി എസുകളിലായി 90 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലൂടെ 383 അംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ മധുര നേട്ടത്തിന് പുറകിൽ. 583 ഏക്കറിൽ പച്ചക്കറി കൃഷി ഒരുക്കി 1,549 ടൺ പച്ചക്കറി ഉത്പ്പാദിപ്പിച്ചു. ജില്ലയിലുടനീളം 1,378 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾ കൃഷിയിൽ സജീവമായി പ്രവർത്തിച്ചു. വിഷു കാലത്ത് പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിലസ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. വിഷു കണി ഒരുക്കുന്നതിനായി 62.65 ഏക്കറിൽ കണിവെള്ളരി കൃഷിയിറക്കി 3,82,165 കിലോ വിളവെടുത്തു. 78 സി ഡി എസുകളിലായി 671 കുടുംബശ്രീ അംഗങ്ങൾ കൃഷിയിൽ പങ്കാളികളായി.

കടുത്ത വേനൽച്ചൂടിനെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് വിജയകരമായി നടപ്പാക്കിയ പദ്ധതിയിൽ കണിവെള്ളരി കൂടാതെ തണ്ണിമത്തൻ, മത്തൻ, കുമ്പളം, വെള്ളരി, ഷമാം, വിവിധയിനം പച്ചക്കറികൾ എന്നിവയും സമൃദ്ധമായി വിളഞ്ഞു. വിഷരഹിതവും പുതുമയുള്ളതുമായ പച്ചക്കറികൾ ആളുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ച സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങൾ. പരമ്പരാഗതവും ശാസ്ത്രീയവുമായ കൃഷിരീതിയും കൂട്ടായ പരിശ്രമവും സമയബന്ധിതമായ കൃഷിപരിപാലനവുമാണ് വിഷു വിപണി മുൻനിർത്തിയുള്ള വേനൽക്കാല കാർഷിക വിപ്ലവം കുടുംബശ്രീ സാധ്യമാക്കിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading