
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിന (16) യെ കൊലപ്പെടുത്തിയത്. ബന്ധുവായ അദ്‌നാനെ ദുരൂഹ സാഹചര്യത്തിൽ മറ്റൊരു മുറിയിലും മരണപ്പെട്ട നിലയിൽ കണ്ടെത്തി.
യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അദ്നാൻ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അടുത്തിടെയാണ് നസ്രിനയുടെ കുടുംബവുമായി അദ്‌നാൻ തെറ്റിയത്.
കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി.

Leave a Reply