
പട്ടിക്കാട്. സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പള്ളിക്കണ്ടത്ത് താമസിക്കുന്ന കൈപ്പറമ്പിൽ ആനിയുടെ വീട് പുനർനിർമിച്ച് വാസയോഗ്യമാക്കി നൽകി. ചെറുപ്പത്തിലെ പോളിയോ രോഗം ബാധിച്ച് ഇരു കാലുകളും തളർന്നുപോയ ആനി വൃദ്ധയായ മാതാവിനൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. മരണത്തിന് മുൻപ് തൻ്റെ മകളെ അടച്ചുറപ്പുള്ള ഒരു വീട്ടിൽ ആക്കുക എന്നതായിരുന്നു ആ മാതാവിൻ്റെ ആഗ്രഹം. എന്നാൽ അത് സാധ്യമാകാതെ അവർ കഴിഞ്ഞ ഓഗസ്റ്റ് മാസം ഈ ലോകത്തോട് വിട പറഞ്ഞു.
തുടർന്ന് രാത്രികാലങ്ങൾ ആനി കഴിച്ചുകൂട്ടിയിരുന്നത് സഹോദരൻ്റെ വസതിയിൽ ആയിരുന്നു. ആനിയുടെ സങ്കടം കേട്ടറിഞ്ഞ സെറാഫ്സ് അരലക്ഷം രൂപ ചിലവിൽ ഉറപ്പുള്ള ജനലുകളും, വാതിലുകളും വെച്ച് വീടിൻ്റെ പണികളെല്ലാം പൂർത്തീകരിച്ച് പെയിൻ്റ് ചെയ്തു നൽകി. സെറാഫ്സ് പ്രസിഡൻ്റ് ഫാദർ സി.എം രാജു താക്കോൽ ദാനം നടത്തി. ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ, വൈസ് പ്രസിഡൻ്റ് ഈശോ ജോയ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ, ഷിബു എന്നിവർ പങ്കെടുത്തു.

Leave a Reply