
ചെങ്ങന്നൂർ. മാലദ്വീപിൽ വിദ്യാർഥിയുടെ ക്രൂരമായ മർദ്ദനത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ സംഭവിച്ച അധ്യാപിക സ്മിത എൻ പിള്ളയെ ഉടൻ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ പൂർത്തിയായി വരികയാണ്. അടുത്ത ആഴ്ച ആദ്യത്തോടെ സ്മിതയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭർത്താവ് ദീപക് പറഞ്ഞു. നിലവിൽ മാലദ്വീപിൽ വേദന സംഹാരികൾ മാത്രമാണ് നൽകുന്നത്. മുക്കിന്റെ എല്ലിന് ഗുരുതരമായി പൊട്ടലേറ്റ സ്മിതയുടെ ശസ്ത്രക്രിയ നാട്ടിലെത്തിയ ശേഷം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
മാലദ്വീപിലെ ഗാഫ് ധാൽ അറ്റോൾ സ്‌കൂളിലെ ലാബിലിരുന്ന് വിദ്യാർഥി സ്ഥിരമായി മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതാണ് അക്രമത്തിന് കാരണം. വീഡിയോ എടുത്ത് പ്രിൻസിപ്പലിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ തട്ടിപ്പറിച്ചെറിയുകയും മുഖത്ത് പല തവണ ഇടിക്കുകയുമായിരുന്നു. തലയുടെ പിൻഭാഗത്തും മർദനമേറ്റു. മറ്റ് അധ്യാപകർ ഓടിയെത്തിയാണ് വിദ്യാർഥിയുടെ കൈയിൽ നിന്നും സ്മിതയെ രക്ഷപ്പെടുത്തിയത്.

Leave a Reply