വാൽപ്പാറ വാഹനാപകടം: ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു; സംസ്‌കാരം ഉച്ചയോടെ

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അധ്യാപിക റംലത്ത് (52), അധ്യാപിക സുഹറ (43), മകൻ ഹിഷാം (12), അധ്യാപിക ആശ (41) അധ്യാപകൻ അബ്ദുൽ മജീദ് (43) ഭാര്യ റുഖിയ (39), സ്‌കൂൾ പാചകത്തൊഴിലാളി സാജിത (45), ജിയുപി സ്‌കൂളിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. രാവിലെ 9.15ഓടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെത്തി. തുടർന്ന് സ്‌കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു. മരിച്ച എല്ലാവരുടെയും സംസ്‌കാരം ഉച്ചയ്ക്ക് മുൻപായി പൂർത്തിയാകും. മന്ത്രി വി ശിവൻകുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സ്‌കൂളിലെത്തി അന്തിമോപചാരമർപ്പിച്ചു.

ഇന്നലെ വൈകുന്നേരം 5.15 ന് ആണ് സംഘം സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. 13 പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. നാലുപേർക്കാണ് പരിക്കേറ്റത്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ, വാഹനത്തിന്റെ ഡ്രൈവർ, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവർ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading