
കണ്ണൂർ. പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ ചികിത്സയിലാണ്.
അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും. ഷെഫീഖ് തുടങ്ങാനിരുന്ന കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ഇന്ന് രാവിലെ പ്രശാന്തനെ കാണുന്നതിനായി ഷെഫീഖ് പ്രശാന്തന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് ഷെഫീഖ് ചുറ്റിക ഉപയോഗിച്ച് പ്രശാന്തന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയുമായിരുന്നു. പ്രശാന്തൻ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽവാസികളും ചേർന്ന് പ്രശാന്തനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രശാന്തനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷെഫീഖിനെ ട്രെയിൻ തട്ടിയത്. റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഷെഫീഖ് മരിച്ചു. അതേസമയം പ്രശാന്തനെ ഷെഫീഖ് ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply