
കണ്ണൂർ: മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പേരാവൂർ കൊളക്കാട് സ്വദേശി മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. സംഭവ ശേഷം മകൻ ക്രിസ്റ്റി (25) പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരിൽ ഇവർ ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഗീതമ്മയും ക്രിസ്റ്റിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ കിടപ്പുമുറിയിൽവെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.
കൊലപാതകം നടത്തിയശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറിൽ കേളകം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയതാണ്. സംഭവത്തിൽ പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply