
തൃശൂർ. ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും വിദ്യാർഥികൾക്കു താമസ സൗകര്യവും ഒരുക്കി കൊടുക്കുന്നതിന്റെ മറവിൽ വൻതോതിൽ രാസലഹരി വിൽപന നടത്തിവന്ന യുവാവ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിൽ. മണലൂർ അയ്യപ്പൻകാവ് മേനോത്തുപറമ്പിൽ ശ്രീജിൽ (30) നെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും അന്തിക്കാട് പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് 56 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ശ്രീജിലെന്നു പോലീസ് പറഞ്ഞു. ബംഗളൂരുവിലെ വിദ്യാഭ്യാസ ഏജന്റ്‌റ് എന്ന വ്യാജേനയാണ് ഇയാൾ തൃശൂർ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വിദ്യാർഥികൾക്കു ഹോസ്റ്റൽ സൗകര്യം തരപ്പെടുത്തി കൊടുക്കുന്നതിന്റെ പേരിൽ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഇവരെ ലഹരി ഉപയോഗത്തിലേക്കു നയിക്കുകയായിരുന്നു പ്രതിയുടെ രീതി.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് അന്തിക്കാടു നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്.
ശ്രീജിൽ അന്തിക്കാട് പോലീസ് സ്‌റ്റേഷനിൽ ഒരു അടിപിടിക്കേസിലെ പ്രതിയാണ്.

Leave a Reply