ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി

ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ മുങ്ങി. ഗുജറാത്തില്‍ നിന്നുള്ള ‘ഹാജി അലി’ എന്ന ചരക്ക് കപ്പലാണ് ഒമാൻ തീരത്ത് കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം.

ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തതാണ് ഈ കപ്പല്‍. സോമാലിയയില്‍ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കുമെന്നാണ്  നിഗമനം. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കപ്പല്‍ കടലില്‍ മുങ്ങി. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 14 അംഗ സംഘം ഉടൻ തന്നെ അപായ സൂചന നല്‍കി. ഇവർ ലൈഫ് ബോട്ടുകളിലേക്ക് മാറി. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തില്‍ ഇവരെ സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു. കപ്പല്‍ ഉടമ സുല്‍ത്താൻ അഹമ്മദ് സംഗർ നാവികർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading