ജില്ലയിലെ ഖരമാലിന്യ പരിപാലന പുരോഗതി വിലയിരുത്താൻ യോഗം ചേര്‍ന്നു

തൃശൂർ. ഖരമാലിന്യ പരിപാലന ചട്ടം 2026 ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സുപ്രീംകോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗ തീരുമാന പ്രകാരമാണ് ജില്ലാ കളക്ടര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഖരമാലിന്യ പരിപാലന ചട്ടം 2026 പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ സംസാരിച്ചു. 2026 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളെ സംബന്ധിച്ചും മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ജില്ലാ ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് എ. അഖില്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പുരോഗതി വിലയിരുത്തി.

തൃശ്ശൂര്‍ ജില്ലാ ആസൂത്രണഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഐ സജിത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. ശ്യാമലക്ഷ്മി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ (വേസ്റ്റ് മാനേജ്‌മെന്റ്) ബിന്ദു പരമേശ്വരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത്. കെ. ദീപക് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കെഎസ്ഡബ്യുഎംപി എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading