
പീച്ചി: പ്രശസ്ത ശാസ്ത്ര പ്രസാധകരായ സ്പ്രിംഗർ നേച്ചറിന്റെ 2026 ലെ മികച്ച എഡിറ്റർ പുരസ്കാരം കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർക്ക്. വന ശാസ്ത്ര മേഖലയിൽ ലോകത്തിലെ മികച്ച പത്ത് ജേർണലുകളിലൊന്നായ അഗ്രോ ഫോറസ്ട്രി സിസ്റ്റത്തിന്റെ ഗവേഷണ മൂല്യം ഉയർത്തുന്നതിന് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം.
32 രാജ്യങ്ങളിൽ നിന്നുള്ള 66 അസോസിയേറ്റ് എഡിറ്റർമാരാണ് അഗ്രോഫോറസ്ട്രി സിസ്റ്റത്തിനുള്ളത്. ഇന്ത്യയിൽ നിന്നും അഞ്ച് ശാസ്ത്രജ്ഞർ മാത്രമാണ് ഈ പദവിയിലുള്ളത്. 2025 ലാണ് ഡോ. കണ്ണൻ വാര്യർ അഗ്രോഫോറസ്ട്രി സിസ്റ്റം ജേർണലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്.
ഇന്ത്യയിലാദ്യമായി ഉപ്പുരസമേറിയ മണ്ണിന് യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചെടുത്തതിന് 2020ൽ വനശാസ്ത്ര മേഖലയിലെ രാജ്യത്തെ മികച്ച ഗവേഷകനുള്ള പുരസ്കാരവും, ആലപ്പുഴ ജില്ലയിലെ കാവുകളെപ്പറ്റിയുള്ള സമഗ്ര പഠനത്തിന് 2010 ലെ ജൈവ വൈവിധ്യ മേഖലയിൽ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply