
ചെന്നൈ. തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ച് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. പശുക്കളെ അറുക്കുന്നത് നിരോധിച്ചുകൊണ്ട് 1976 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകി. ബക്രീദ് ദിനങ്ങളിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ആവശ്യപ്പെട്ടു.
ഈ ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് ചീഫ് സെക്രട്ടറിയോടും ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിനോടും ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിയായ കെ. സൂര്യ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അംഗീകൃത കശാപ്പുശാലകളിൽ അല്ലാതെ മറ്റൊരിടത്തും മൃഗങ്ങളെ അറുക്കാൻ അധികൃതർ അനുവദിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.

Leave a Reply