
പീച്ചി. ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. പീച്ചി ഫോറസ്റ്റ് സ്‌റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എൽ മാത്യു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും വരും തലമുറ അതിന് കൂടുതൽ പരിശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എസ്.പി.സി. സീനിയർ കേഡറ്റുമാരായ അംബരീഷ് നാഥ്, കെവിൻ ബിനോയ് എന്നിവർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
എച്ച്.എം. ഇൻ ചാർജ് ഷർമിള ടീച്ചർ സ്വാഗതം പറഞ്ഞു. പ്രശസ്ത മൃഗസംരക്ഷകനും പാമ്പ് പിടുത്ത വിദഗ്ധനുമായ സേവ്യർ എൽത്തുരുത്ത് പാമ്പുകളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ തിരിച്ചറിയുന്ന വിധം, പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ സൂര്യശ്രീ, കിരൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എക്കോ ക്ലബ് കോർഡിനേറ്ററായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശുചിത്വ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് സ്‌കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന റോൾപ്ലേയും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്‌സ് ക്ലബ് അംഗങ്ങളായ ആരോൺ പി. സിജു, ആശിഷ് സി. സൈജു, സിദ്ധാർത്ഥ് ശങ്കർ എന്നിവർ പങ്കെടുത്തു. ശാസ്ത്ര അധ്യാപകരായ സുനിൽ മാസ്റ്റർ, സജീന ടീച്ചർ, ധന്യ ടീച്ചർ, എസ്.പി.സി. സി.പി.ഒമാരായ അനീഷ ടീച്ചർ, രതുല്യ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബ് കോർഡിനേറ്ററായ സുനിൽ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

Leave a Reply