
പട്ടിക്കാട്. മഴക്കാലത്ത് വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിച്ചിരുന്ന താണിപ്പാടം ലക്ഷംവീട് ഭാഗത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുൻവർഷങ്ങളിൽ വീടുകളുടെ പരിസരങ്ങളിലേക്ക് വെള്ളം കയറി കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് ഇക്കാര്യം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഹിറ്റാച്ചി ഉപയോഗിച്ച് ചാല് കീറി വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കുകയും ചെയ്തു. ഇതോടെ 15 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞതായി വാർഡ് മെമ്പർ പറഞ്ഞു. വാർഡ് വികസന സമിതി അംഗം ബിജു കൊല്ലമറ്റവും സ്ഥലത്തുണ്ടായിരുന്നു.

Leave a Reply