
പട്ടിക്കാട്. കാട്ടാന ശല്യം രൂക്ഷമായ രാമൻചിറ, കൊമ്പഴ, ഇരുമ്പുപാലം പ്രദേശങ്ങളിൽ ഹാങിങ് ഫെൻസിങ് സ്ഥാപിക്കുമെന്ന് എംഎൽഎ കെ രാജൻ പറഞ്ഞു. കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. 27 ലക്ഷം രൂപ ചിലവിട്ട് 3 കിലോമീറ്റർ പരിധിയിലാണ് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുക. ഇതിനാവശ്യമായ ടെൻഡർ നടപടികൾ ജൂൺ മാസത്തിൽ തന്നെ പൂർത്തിയാക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൂടാതെ പ്രദേശവാസിയായ ഒരാളെക്കൂടി വാച്ചറായി ഉടൻ നിയമിക്കും. അതോടൊപ്പം പ്രൈമറി റെസ്‌പോൺസ് ടീം (പിആർടി) രൂപീകരിക്കും. വോളന്റിയറായി പ്രവർത്തിക്കാൻ കഴിവുള്ള പ്രദേശവാസികൾ ആയിരിക്കും ഇതിൽ അംഗങ്ങളാവുക. ഇവർക്കാവശ്യമായിട്ടുള്ള ട്രെയിനിങ്, ടോർച്ച്, പടക്കം തുടങ്ങിയ ആവശ്യമായ സാധനങ്ങളും ഫോറസ്റ്റ് വകുപ്പ് നൽകും. ക്യാമറകൾ, മിനി മാസ്റ്റ് ലൈറ്റുകൾ തുടങ്ങിയവയും കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സ്ഥാപിക്കുമെന്ന് കെ രാജൻ പറഞ്ഞു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ഉണ്ണികൃഷ്ണൻ, രാജി ഗരീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖിൽ പി എസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.ആർ സനിൽ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജേഷ്, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply