
തൃശൂർ. സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ പ്രതിരോധ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ ശനിയാഴ്ച വരെ 793 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. ഇതേ തുടർന്ന് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി 160 കേസുകൾ രജിസ്റ്റർ ചെയ്യുകയും 169 പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 52 പേരെ റിമാൻഡ് ചെയ്തു. ഇവരിൽ 44 പേർ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
നിരോധിത രാസലഹരികൾ ഇടത്തരം അളവിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, ബ്രൗൺ ഷുഗർ, എം.ഡി.എം.എ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവങ്ങളിൽ എൻ.ഡി.പി.എസ് നിയമത്തിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൂടി ചുമത്തി 27 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ മയക്കുമരുന്ന് ഉപയോഗിച്ചതിന് 109 കേസുകളും, കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി കൂട്ടിച്ചേർത്ത് 16 കേസുകളും ഉൾപ്പെടെയാണ് ജില്ലയിൽ ആകെ 160 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply