ദേശീയ സെന്‍സസ്; ജില്ലയിൽ സെല്‍ഫ് എന്യൂമറേഷന്‍ തുടങ്ങി

തൃശ്ശൂർ. ജില്ലയിലെ ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ തുടങ്ങി. ജില്ലയിലെ സെന്‍സസ് 2027 ന്റെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ആദ്യ ദിനം തന്നെ ജില്ലയില്‍ നിരവധിപ്പേരാണ് സ്വന്തം വിവരങ്ങള്‍ സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്.

ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ സ്വമേധയാ സെന്‍സസ് വെബ് പോര്‍ട്ടലില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അടുത്ത മാസം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരം സെല്‍ഫ് എന്യൂമറേഷന്‍ ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ മതിയാവും. രണ്ടാഴ്ച മാത്രമാണ് സ്വമേധയാ വിവരങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുക. അതിന് ശേഷം ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും.

മൊബൈല്‍ ഫോണില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. ആദ്യം സംസ്ഥാനം  തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പറും വേണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക.

ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങള്‍ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയില്‍ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താല്‍ മതിയാവും. വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കില്‍ കൊടുത്ത ഓപ്ഷനുകളില്‍ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കില്‍ മറുപടികള്‍ സെന്‍സസ് പോര്‍ട്ടലിലേക്ക് സമര്‍പ്പിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിയുന്നതോടെ 11 അക്ക സെന്‍ഫ് എന്യുമറേഷന്‍ ഐ.ഡി ലഭിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading