
തൃശൂർ. 2026 വർഷത്തെ ഓണാഘോഷം തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട്
റോഡുകളിലും മാർക്കറ്റുകളിലും വാഹനങ്ങളിലും ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി തൃശൂർ സിറ്റി പോലീസ് വിപുലമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതോടൊപ്പം സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പിഎസ് പൊതുജനങ്ങൾക്കുള്ള പ്രധാന സുരക്ഷാ നിർദ്ദേശങ്ങളും അറിയിച്ചു.
തിരക്കേറിയ മാർക്കറ്റുകൾ, ഓണചന്തകൾ, മറ്റുവ്യാപാര സ്ഥാപനങ്ങൾ മാളുകൾ, വാഹനങ്ങൾ, നിരത്തുകൾ എന്നിവിടങ്ങളിൽ പേഴ്സ്, ആഭരണങ്ങൾ തുടങ്ങിയ വിലപ്പെട്ട വസ്തുക്കൾ നഷ്ടപെടാതെ ശ്രദ്ധിക്കുക. സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസിനെ അറിയിക്കുക. തിരക്കിനിടയിൽ കുട്ടികൾ കൂട്ടം തെറ്റാതെ നോക്കുക. തിരക്കുള്ള സ്ഥലങ്ങളിൽ പ്രത്യേക സ്ക്വാഡിനെ വിന്യസിക്കും.
റോഡിൽ വാഹനവും തിരക്കും കൂടുമെന്നതിനാൽ, അനുവദിച്ച സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്കുചെയ്യുക. ജംഗ്ഷനുകളിലെ സിഗ്നലുകളെ ലംഘിച്ച് മറികടക്കാതിരിക്കുക. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടായിരിക്കും. ബ്രീത്ത് അനലൈസർ പരിശോധന ശക്തമാക്കും.ഹെൽമറ്റ്, സീറ്റ് ബെൽറ്റ് നിർബന്ധം. ഓവർസ്പീഡ്, അപകടകരമായ ഡ്രൈവിംഗ് എന്നിവയ്ക്കും മറ്റു ട്രാഫിക് നിയമ ലംഘനങ്ങൾക്കും കർശന നടപടികൾ ഉണ്ടായിരിക്കും. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കുക. ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക.
ഓണക്കാലത്തെ ലഹരി കടത്തും ഉപയോഗവും തടയുന്നതിന് തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിശോധനകൾ ശക്തമാക്കും. വാഹന പരിശോധനകളും ഹോട്ടലുകൾ/ലോഡ്ജുകൾ എന്നിവിടങ്ങളിൽ പ്രത്യേക റെയ്ഡുകളും നടത്തും.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വനിതാ പോലീസ് പട്രോളിംഗ്കൂടാതെ പിങ്ക് പട്രോൾ സംവിധാനവും ഉണ്ടായിരിക്കും. അടിന്തിര ആവശ്യങ്ങളിൽ 112 എന്ന എമർജൻസി നമ്പരുമായിബന്ധപ്പെടുക.
മേൽപറഞ്ഞ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിനോടൊപ്പം തന്നെ പൊതുജനങ്ങൾ പോലീസുമായി സഹകരിച്ച് സമാധാനപരമായും സുരക്ഷിതമായും ഓണം തയ്യാറെടുപ്പുകൾ നടത്തി ഓണം ആഘോഷിക്കണമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പിഎസ് അറിയിച്ചു

Leave a Reply