ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാൻ ഒരുങ്ങി കൃഷി വകുപ്പ്

തിരുവനന്തപുരം. സവാള വിലവർധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടണ്‍ സവാള സംഭരിച്ച്‌ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു. ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓർഡർ നല്‍കിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ വിപണികളില്‍ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തില്‍ മന്ത്രിമാരായ ടി. സിദ്ദിഖിന്റെയും അനൂപ് ജേക്കബിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതല്‍ 80 വരെ ഉയർന്ന സാഹചര്യത്തില്‍ ഇത്തരം വിപണികള്‍ക്ക് ആദ്യഘട്ടത്തില്‍ മുൻഗണന നല്‍കും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടല്‍ വ്യാപിപ്പിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading