വ്യാജ ഇ-ചലാൻ തട്ടിപ്പ്; പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തൃശൂർ: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വ്യാജ ഇ-ചലാൻ സന്ദേശങ്ങൾ അയച്ചു പണംതട്ടുന്ന സംഘങ്ങൾ സംസ്ഥാനത്തു വ്യാപകമാകുന്നതായി പോലിസ് മുന്നറിയിപ്പ്. മോട്ടോർ വാഹനവകുപ്പിന്റെയും ട്രാഫിക് പോലിസിന്റെയും ഔദ്യോഗിക അറിയിപ്പുകളെ അനുകരിച്ച് മൊബൈൽ ഫോണുകളിലേക്കു വരുന്ന എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങി നിരവധി പേർക്കാണു ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർ സംസ്ഥാന വ്യാപകമായി പരാതിയുമായി എത്തിയതോടെയാണു പോലിസ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.

വാഹനം ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയെന്നും ഉടൻ പിഴയടയ്ക്കണമെന്ന സന്ദേശമാണു വാഹന ഉടമകൾക്കു ലഭിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ കോടതിനടപടി നേരിടേണ്ടിവരുമെന്ന ഭീഷണിയുമുണ്ടാകും. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഔദ്യോഗിക പരിവാഹൻ വെബ്‌സൈറ്റിനു സമാനമായ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. ഇവിടെ വാഹനത്തിന്റെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ യുപിഐ വിവരങ്ങളും നൽകുന്നതോടെ ഒടിപി തട്ടിയെടുത്ത് അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കുകയാണു തട്ടിപ്പുകാർ ചെയ്യുന്നത്.

ചില സന്ദർഭങ്ങളിൽ ഫോണിലേക്കു പ്രത്യേക ആപ്ലിക്കേഷനുകൾ (എപികെ ഫയലുകൾ) ഇൻസ്റ്റാൾ ചെയ്യിച്ചു ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. സന്ദേശത്തിൽ പിഴ ഒടുക്കാനുള്ള ഇ-ചലാൻ വെബ്‌സൈറ്റ് വിലാസത്തിന്റെ അവസാനം .gov.in ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നു പോലിസ് മുന്നറിയിപ്പു നൽകുന്നു. തട്ടിപ്പുകാർ സാധാരണയായി apk, org, info തുടങ്ങിയ അവസാനമുള്ള ലിങ്കുകളാണ് അയയ്ക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ-ചലാൻ വെബ്‌സൈറ്റ് https://echallan.pariva-han.gov.in ആണ്. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ ഉടൻ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading