മുടിക്കോട് സർവീസ് റോഡ് ഒഴിവാക്കി ബസ്സുകൾ മേൽപ്പാലത്തിലൂടെ: ബസ്സുകൾ തടഞ്ഞ് ബിജെപി

മുടിക്കോട്: സർവീസ് റോഡ് ഒഴിവാക്കി മേൽപ്പാലത്തിലൂടെ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകൾക്കെതിരെ ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് റോഡ് ഉപയോഗിക്കാതെ മുടിക്കോട് മേൽപ്പാലത്തിലൂടെ പോകുകയായിരുന്ന ബസ്സുകൾ പ്രതിഷേധക്കാർ തടഞ്ഞ് സർവീസ് റോഡിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

മുടിക്കോട് ഇറങ്ങേണ്ട യാത്രക്കാരെയും വിദ്യാർത്ഥികളെയും സുരക്ഷിതമായ സ്ഥലത്ത് ഇറക്കാതെ വട്ടക്കല്ല് ഭാഗത്ത് ഇറക്കിവിടുന്നതുമൂലം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. അടിപ്പാതയോ സുരക്ഷിതമായ റോഡ് ക്രോസിംഗ് സംവിധാനമോ ഇല്ലാത്ത സ്ഥലത്ത് യാത്രക്കാർക്ക് ഹൈവേ മുറിച്ചുകടക്കേണ്ടിവരുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഈ നടപടിക്കെതിരെ നേരത്തെ തന്നെ ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു ഫലപ്രദമായ നടപടിയും ഉണ്ടായില്ല.

ഇതിനെ തുടർന്നാണ് ബിജെപി പ്രവർത്തകർ ഇന്ന് രാവിലെ പ്രതിഷേധവുമായി രംഗത്തെത്തിയത്. യാത്രക്കാരുടെ ന്യായമായ അവകാശവും സുരക്ഷയും ഉറപ്പാക്കുന്നതുവരെ വിഷയത്തിൽ ശക്തമായ ഇടപെടൽ തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രതിഷേധത്തിന് രാഷ്ട്രീയ ഭേദമന്യേ മുടിക്കോട്ടെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും പിന്തുണയുമായി എത്തിച്ചേർന്നത് സമരത്തിന്റെ ജനകീയ സ്വഭാവം വ്യക്തമാക്കുന്നതായി ബിജെപി നേതാക്കൾ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ പീച്ചി പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ. മനുകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ബസ് ഉടമകളെയും തൊഴിലാളികളെയും ബന്ധപ്പെട്ട് വിളിച്ചുചേർത്ത് വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് ബിജെപി പ്രവർത്തകർ മടങ്ങി. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ ജനകീയ പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങുമെന്നും, ആവശ്യമായാൽ ബസ് സർവീസ് തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകി.

ബിജെപി പീച്ചി മണ്ഡലം ഭാരവാഹികളായ അരുൺ, അജി എം.പി, സജിവ് കെ, പീച്ചി-പാണഞ്ചേരി ഏരിയ പ്രസിഡന്റുമാരായ പ്രവീൺ രാജു, ജയൻ പൂശേരി ഭാരവാഹികളായ രാജീവ്, ശ്രീജിത്ത്, സലേഷ്, ബെന്നി, ജ്യോതിഷ്, സുഭാഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading