
തൃശ്ശൂർ: ബെംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി വ്യാപാരം നടത്തി കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി എത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയെ തൃശ്ശൂർ റൂറൽ പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി.
കാസർഗോഡ് മധൂർ സ്വദേശി ശിവോഹം വീട്ടിൽ വൈശാഖ് (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ വൈശാഖ് അവിടെനിന്നാണ് കേരളത്തിലേക്കുള്ള രാസലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വലപ്പാട് കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ, ടെക്‌നിക്കൽ തെളിവുകൾ വിശദമായി പരിശോധിച്ചതോടെയാണ് വൈശാഖിലേക്ക് അന്വേഷണം എത്തിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശാസ്ത്രീയമായി പരിശോധിച്ചു. തുടർന്നാണ് കേസിലെ പ്രധാന രാസലഹരി വിതരണക്കാരൻ വൈശാഖാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
തുടർന്ന് വൈശാഖിന്റെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണസംഘം ബംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply