
മലപ്പുറം. പെരിന്തല്‍മണ്ണയില്‍ 18 വർഷങ്ങള്‍ക്കു മുന്പ് നടന്ന കൊലപാതക കേസിലെ പ്രതി പിടിയില്‍. ബീഹാർ സ്വദേശിയായ ദിലീപ് രജതിനെയാണ് അസമില്‍ എത്തി പിടികൂടിയത്. ജോലി ചെയ്തിരുന്ന തടിമില്ലിലെ മാനേജറെയാണ് പ്രതി കൊലപ്പെടുത്തിയത്.
പതിനെട്ടു വർഷങ്ങള്‍ക്ക് മുൻപ്, മലപ്പുറം പെരിന്തല്‍മണ്ണയെ നടുക്കിയ ഒരു കൊലപാതകം. തെളിവുകളോ സൂചനകളോ ഇല്ലാതെ മണ്ണടിഞ്ഞു പോയേക്കുമെന്ന് കരുതപ്പെട്ട ഒരു കേസ്. പക്ഷേ 18 വർഷത്തിന് ശേഷം പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയില്‍.
ബീഹാർ സ്വദേശികളായ പ്രതികള്‍ ബാലകൃഷ്ണൻ എന്നയാൾ മാനേജരായിരുന്ന തടി മില്ലില്‍ വ്യാജ വിലാസത്തില്‍ ജോലി ചെയ്യുകയായിരുന്നു. പെരിന്തല്‍മണ്ണ കേരള ഗ്രാമീണ്‍ ബാങ്ക് കവർച്ച ചെയ്യുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം. ഇത് ബാലകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം അറക്കപ്പൊടിയില്‍ ഒളിപ്പിച്ചിട്ടാണ് പ്രതികള്‍ അസമിലേക്ക് കടന്നത്.
ക്രൈംബ്രാഞ്ചിന് ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല. എഐയുടെ സഹായത്തോടെ പ്രതികളുടെ വിവരങ്ങള്‍ ലഭിക്കാൻ വേണ്ടി കേരള പോലീസ് വികസിപ്പിച്ചെടുത്ത പുത്തൻ വെബ്സൈറ്റാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിർണായ പങ്കുവഹിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി. എംപി മോഹന ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ ദിലീപ് രചത്തിനെ അസമില്‍ നിന്ന് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply