
ചുവന്നമണ്ണ്: ദേശീയപാത ചുവന്നമണ്ണ് പ്രദേശത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിക്ക് നിവേദനം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ചുവന്നമണ്ണ് പ്രദേശത്ത് 50ലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതിൽ പത്തോളം പേർ മരിക്കുകയും ഒമ്പതോളം പേർക്ക് ഗുരുതര പരിക്കേൽക്കുകയും 38ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രദേശത്തെ വർധിച്ചുവരുന്ന ഗതാഗതവും അപകടസാധ്യതയും കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിപ്പാത അനിവാര്യമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
അഞ്ച് വാർഡുകളിലായി താമസിക്കുന്ന ഏകദേശം 5,000ഓളം പ്രദേശവാസികൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ ചുവന്നമണ്ണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. എം.ജി. റോഡ് റസിഡൻസ് അസോസിയേഷൻ ചുവന്നമണ്ണ് പ്രസിഡന്റ് ഷാജൻ ജോർജ്, സെക്രട്ടറി സദാനന്ദൻ അരക്കാൽക്കുടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുബി ഇന്ദ്രവജ്രയും അസോസിയേഷൻ പ്രതിനിധികളോടൊപ്പം ഉണ്ടായിരുന്നു.
പീച്ചി മണ്ഡലം പ്രസിഡന്റ് പ്രശാന്തിന്റെ ഇടപെടലിലൂടെയാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയെ നേരിട്ട് കാണാനും നിവേദനം സമർപ്പിക്കാനും സാധിച്ചത്. നിവേദനം സ്വീകരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പ്രതിനിധികളെ അറിയിച്ചു.

Leave a Reply