തൃശ്ശൂരില്‍ പതിനാലുകാരിയെ രാസലഹരി നല്‍കി പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

തൃശ്ശൂർ. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ രാസലഹരി നല്‍കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴല്‍പണ തട്ടിപ്പുകള്‍ക്ക് മറയാക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍.

കല്ലൂർ ഭരത ഇഞ്ചോടി വീട്ടില്‍ അമല്‍ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ പോക്‌സോ കേസിലും, അമലിന്റെ സഹോദരൻ അതുല്‍ കൃഷ്ണയെ (25) കുഴല്‍പണ കേസിലുമാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

14 വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയുമായി പ്രണയം നടിച്ച്‌ സൗഹൃദത്തിലായ അമലും സുഹൃത്തും 2023 മുതല്‍ കുട്ടിയെ രാസലഹരിക്ക് അടിമയാക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും വീടുകളിലെ സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെത്തിച്ച്‌ കുഴല്‍പണം തട്ടിയെടുക്കാൻ മറയാക്കിയതിനാണ് അതുല്‍ കൃഷ്ണ അറസ്റ്റിലായത്. 2025 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ കല്‍പ്പറ്റയിലെത്തിച്ച്‌ കുഴല്‍പണം തട്ടാൻ ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ അമല്‍ കൃഷ്ണയെയും അതുല്‍ കൃഷ്ണയെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading