
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ അധികാരപരിധിയിൽ വരുന്ന റിസർവ്വ് ഫോറസ്റ്റ് സ്റ്റാറ്റസുള്ള കയ്യേറ്റ, കൈവശ വനഭൂമികളിൽ നിന്നും, എൻആർഎഫ്, ആർഎഫ് സ്റ്റാറ്റസുള്ള പട്ടയഭൂമികളിൽ നിന്നും മണ്ണ് നീക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതി കൂടി വേണ്ടിവരും. ഇത് സംബന്ധിച്ച് പാണഞ്ചേരി, മടക്കത്തറ, പുത്തൂർ, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പട്ടിക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കത്ത് നൽകി.
വീട് പണിയുന്നതിന് പെർമിറ്റ് നൽകുന്നതിന്റെ മറവിലും അപകടകരമായി നിൽക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് പെർമിറ്റ് നൽകുന്നതിന്റെ മറവിലും വനഭൂമി സ്റ്റാറ്റസിൽ ഉള്ള ഭൂമികളിൽ നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി എന്നും കത്തിൽ പറയുന്നു. വനഭൂമി സ്റ്റാറ്റസിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമികളിൽ നിന്ന് വനം വകുപ്പിന്റെ അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്യുന്നത് കേരള വന നിയമം പ്രകാരം കുറ്റകരമായതുകൊണ്ട് ഇപ്രകാരമുള്ള ഭൂമികളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് മുമ്പായി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുമതിക്ക് വിധേയമായി വനംവകുപ്പിന്റെ എൻഒസി നേടാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
എന്നാൽ ഇതോടെ മണ്ണു നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ അധികൃതർ വേണ്ട ഇടപെടലുകൾ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply