
പട്ടിക്കാട്. ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്തയിലും കുമിത്തെയിലും വെങ്കല മെഡലുകൾ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പാണഞ്ചേരി പഞ്ചായത്ത് വഴുക്കുംപാറ സ്വദേശിനി എ.എസ് ലെറ്റീഷ്യ. കഴിഞ്ഞ ജനുവരി 31ന് കൊളംബോയിലെ മരഡാനയിലുള്ള സെന്റ് ജോസഫ് കോളേജിൽ വച്ചായിരുന്നു ഷിഹാൻ നവോമി കൊണ്ടോ മെമ്മോറിയൽ കരാട്ടെ കപ്പ് 2026 നടന്നത്. 45 കിലോഗ്രാം മുതലുള്ള വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ലെറ്റീഷ്യ കത്തയിലും കുമിത്തേയിലും വെങ്കല മെഡലുകൾ നേടി.
ചുവന്നമണ്ണ് വഴുക്കുംപാറ ആലക്കപറമ്പിൽ സലീഷിന്റെയും ഷെർലിയുടെയും മകളായ ലെറ്റീഷ്യ തൃശ്ശൂർ നിർമ്മലമാതാ സെൻട്രൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആറു വർഷമായി കരാട്ടെയിൽ പരിശീലനം നടത്തുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ബ്ലാക്ക് ബെൽറ്റ് നേടി. തൃശ്ശൂരിലെ ഷോട്ടോ കരാട്ടേഡോ കായ് ഇന്ത്യൻ ബ്രാഞ്ചിലെ പി.ബി ബിനോയ് ആണ് പരിശീലകൻ. ഈ അക്കാദമിയിലെ ആറ് കുട്ടികൾ കൂടി കൊളംബോയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.
2024 മുതൽ ബാംഗ്ലൂരിലും, തൃശൂരിലും പാലക്കാടുമായി നടന്നിട്ടുള്ള വിവിധ ചാമ്പ്യൻഷിപ്പുകളിൽ ലെറ്റീഷ്യ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. പിതാവ് സലീഷ് കർഷകനാണ്. അമ്മ ഷേർലി ആലത്തൂർ അസീസി ഹോസ്പിറ്റലിലെ നഴ്‌സാണ്. സഹോദരി ഡെനീഷ്യ.

Leave a Reply