
വിലങ്ങന്നൂർ. സെ. ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. യേശു കഴുതപ്പുറത്ത് കയറി ജെറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി വിശ്വാസികൾ കുരുത്തോലകൾ ഏന്തി പ്രദക്ഷിണം നടത്തി. ഓശാന ശുശ്രൂഷകൾക്കും വി കുർബ്ബാനയ്ക്കും വികാരി ഫാ. ആൽബിൻ ജോസ് കാർമ്മികത്വം വഹിച്ചു.
യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും മരണത്തെയും ഉത്ഥാനത്തെയും അനുസ്മരിച്ചുകൊണ്ട് ക്രൈസ്തവർ വിശുദ്ധ വാരം ആചരിക്കുന്നു. ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെയാണ് വിശുദ്ധ വാരമായി കണക്കാക്കുന്നത്. യേശു തന്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്റെ ഓർമ്മയാണ് പെസഹ. ഈ ദിവസമാണ് വിശുദ്ധ കുർബാന സ്ഥാപിക്കപ്പെട്ടത്. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും മരണത്തെയും അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖവെള്ളി. യേശു മരണം ജയിച്ച് ഉയർത്തെഴുന്നേറ്റതിന്റെ ആഘോഷമാണ് ഈസ്റ്റർ. വിശുദ്ധ വാരത്തിലൂടെ കടന്നുപോകുമ്പോൾ ത്യാഗം, സ്നേഹം, പ്രത്യാശ എന്നീ മൂല്യങ്ങളാണ് ഓർമ്മിപ്പിക്കപ്പെടുന്നത് എന്ന് ഫാ. ആൽബിൻ ജോസ് പറഞ്ഞു.

Leave a Reply