ലെനയുടെ മരണത്തിൽ അന്വേഷണം വേണം: പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി

വടക്കുഞ്ചേരി: വാൽക്കുളമ്പ് സ്വദേശിനി ലെന കൂട്ടുകാർക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. ലെനയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെയാണ് പിതാവ് മുണ്ടപ്ലാക്കൽ ജോൺ (റെജി) പരാതി നൽകിയത്.

കഴിഞ്ഞ മാസമായിരുന്നു നാടിനെ നടുക്കിയ സംഭവം. നഴ്‌സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വാങ്ങാനായി ആലുവയിൽ പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലെന വീട്ടിൽ നിന്നിറങ്ങിയത്. തൃശൂർ ഒളരിയിലെ മദർ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ലെന. സംഭവദിവസം രാവിലെ 11 മണിക്ക് ലെന അമ്മയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ നാല് മണിക്കൂറിന് ശേഷം ലഭിച്ചത് മകളുടെ മരണവാർത്തയായിരുന്നു.

മാർച്ച് 24ന് ആലുവയിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ ലെനയ്ക്ക് കടുത്ത അസ്വസ്ഥതയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ബിപി കുറഞ്ഞ് അവശയായ ലെനയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് പിതാവിന് ലഭിച്ച വിവരം.

രണ്ടു യുവാക്കളുടെ പേര് പരാതിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ജോണിന്റെ ആവശ്യം. ആലുവ റൂറൽ എസ്പി ഓഫീസിലെത്തി നേരിട്ടാണ് ജോൺ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading