
തൊടുപുഴ. സംസ്ഥാനത്ത് ഇന്നലെ രണ്ടു പേർകൂടി പാമ്പുകടിയേറ്റ് മരിച്ചു. തൊടുപുഴ കാഞ്ഞാർ താന്നിയ്ക്കപ്പാറയിൽ വിശാലാക്ഷി (86), തളിപ്പറമ്പ് പട്ടുവം മുതുകുടയിലെ കല്ലടത്ത് നബീസ (65) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മുറ്റത്തിനോട് ചേർന്ന് നിൽക്കുന്ന മാവിൽനിന്നു മാങ്ങ അടർത്തി എടുക്കുന്നതിനിടെ വിശാലാക്ഷിക്ക് പാമ്പുകടിയേൽക്കുകയായിരുന്നു.
വിശാലാക്ഷി തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. സമീപത്തെ വീട്ടിൽ എത്തി പാമ്പ് കടിച്ച വിവരം പറഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ചയാണ് നബീസയെ വാടക വീട്ടിൽവച്ച് പാമ്പുകടിയേറ്റ നിലയിൽ കണ്ടെത്തിയത്. വീടിനകത്താണോ പുറത്തുവച്ചാണോ പാമ്പ് കടിച്ചതെന്ന് നബീസയ്ക്കു നിശ്ചയമില്ലായിരുന്നു. വീടിനകത്ത് അവശനിലയിൽ കണ്ട നബീസയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാമ്പുകടിയേൽക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് മരിച്ചത്. ശംഖുവരയൻ പാമ്പാണ് കടിച്ചതെന്നാണു പ്രാഥമിക നിഗമനം.

Leave a Reply