
പട്ടിക്കാട്. കൂട്ടാല വടക്കേമുറി ഉണ്ണികൃഷ്ണന് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി പുനർ നിർമ്മിച്ച നൽകിയ വീടിൻ്റെ താക്കോൽ ദാനം റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ജോലി സ്ഥലത്ത് മരത്തിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന് പോയതോടെ ഉണ്ണികൃഷ്ണൻ എന്ന 34 കാരൻ്റെ ജീവിത സ്വപ്നങ്ങളും അസ്തമിച്ചുപോയി. വൃദ്ധരായ മാതാപിതാക്കളുടെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും ഭാര്യയുടെയും ഏക ആശ്രയമായിരുന്നു അയാൾ. സർക്കാർ സഹായത്തോടെ ആരംഭിച്ച വീടിൻ്റെ പണി പൂർത്തിയാക്കാനാവാതെ വീൽചെയറിൽ തളയ്ക്കപ്പെട്ട തൻ്റെ വിധിയെയോർത്ത് നെടുവീർപ്പോടെ കഴിയുമ്പോഴാണ് സെറാഫ്സ് കൈത്താങ്ങുമായി എത്തിയത്.
അറ്റാച്ച്ഡ് ബാത്റൂം, വാതിലുകൾ, പ്ലംബിംഗ്, പെയിൻറിങ്, ഫ്ലോർ ടൈൽ വർക്ക് എന്നിവയുൾപ്പെടെ എല്ലാ പണികളും പൂർത്തിയാക്കി മനോഹരമായ ഒരു വീടാണ് ഉണ്ണികൃഷ്ണന് ലഭിച്ചത്. സെറാഫ്സ് പ്രസിഡണ്ട് ഫാദർ സി.എം. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മിനു വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, വാർഡ് മെമ്പർ ഫ്രാൻസിന ഷാജു എന്നിവർ ആശംസകൾ നേർന്നു. എബ്രഹാം നാഞ്ചിറ സ്വാഗതവും ഈശോ ജോയ് നന്ദിയും പറഞ്ഞു. ബോർഡ് അംഗങ്ങളായ ബെന്നി ടി.വി, ഷിബു ടി.ജെ എന്നിവർ പങ്കെടുത്തു.

Leave a Reply