
തിരുവനന്തപുരം. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്താനുള്ള നൂതന സ്‌കീമായ പ്രൊഡക്ടിവ് അലയൻസിന് തുടക്കമായി. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് ജില്ലകളിലായി നൂറ് പ്രൊഡക്ടിവ് അലയൻസുകൾ രൂപവത്ക്കരിക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 150 പ്രൊഡക്ടിവ് അലയൻസുകൾ പ്രാവർത്തികമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഇതുവഴി കർഷക ഉത്പ്പാദക കമ്പനികളും (എഫ്പിസി), കാർഷിക വാണിജ്യ കമ്പനിയും (എബിപി) തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പാദന സഹായത്തിനും ബിസിനസ് വിപുലീകരണത്തിനുമായി ആകെ ചെലവിന്റെ 60 ശതമാനം ഗ്രാന്റായി ലഭിക്കും. പരമാവധി രണ്ടുകോടി രൂപ വരെ ഗ്രാന്റായും ഒപ്പം മൂന്ന് വർഷത്തെ സാങ്കേതിക സഹായവും ഒരു പ്രൊഡക്ടിവ് അലയൻസിന് ലഭിക്കും.
കുറഞ്ഞത് പത്തുകോടി രൂപ വാർഷിക വിറ്റുവരവുള്ള കാർഷിക, കാർഷികേതര കമ്പനികൾ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ചുരുങ്ങിയത് 200 അംഗങ്ങളുള്ളതും പത്ത് ലക്ഷം രൂപ വാർഷിക വിറ്റുവരവുമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും https://pa.kera.kerala.gov.in/auth/login എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ തൃശ്ശൂർ റീജിയണൽ ഓഫീസുമായോ 9037824056, 9037824026 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് റീജിയണൽ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

Leave a Reply