വൈദ്യുതി മോഷണത്തിന് കർശന നടപടി; മുന്നറിയിപ്പ് നൽകി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണെന്നും പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്‌ഇബി. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്‌ട്രിസിറ്റി ആക്‌ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കെഎസ്‌ഇബി പറയുന്നു. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്‌ഇബിയെ അറിയിച്ച്‌ പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാൻ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്‌ഇബി ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച്‌ അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരില്‍ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെ എസ് ഇ ബി പാരിതോഷികം നല്‍കും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോണ്‍ നമ്പറുകളും കെഎസ്‌ഇബി ഫെയ്സ്ബുക് പോസ്റ്റില്‍ പരസ്യപ്പെടുത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading