
കോഴിക്കോട്. പേരാമ്പ്രയില്‍ കാർ തീപിടിച്ചുണ്ടായ അപകടം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തിക്കൊണ്ട് നിർണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒരു യുവതി പെട്രോള്‍ പമ്പില്‍ നിന്ന് കന്നാസില്‍ ഇന്ധനം വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് അപകടത്തില്‍ മരിച്ച സോന തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനത്തിന്റെ എഞ്ചിൻ തകരാറല്ല തീപിടിത്തത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കാറില്‍ പെട്രോളുമായി യാത്ര ചെയ്യുന്നതിനിടെയാണ് തീപടർന്നതെന്നാണ് സൂചന. അപകടം നടന്ന ദിവസം ബന്ധു വീട്ടിലായിരുന്ന സോനയെ വൈകിട്ടാണ് ഭർത്താവ് രജിൻ ലാല്‍ വന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു ദൂരൂഹമായ ഈ അപകടം സംഭവിച്ചത്.
അപകടത്തില്‍ സോന സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. നിലവില്‍ 60 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭർത്താവ് രജിൻ ലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നതെന്നും, യാത്രയ്ക്കിടെ പെട്രോളിന്റെ മണം അനുഭവപ്പെട്ട് അതെന്താണെന്ന് ചോദിച്ചപ്പോഴേക്കും കാറിനുള്ളില്‍ തീ പടരുകയായിരുന്നു എന്നുമാണ് രജിൻ ലാല്‍ നല്‍കിയ മൊഴി. സോനയും ഭർത്താവും തമ്മില്‍ നേരത്തെ തന്നെ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ പോലീസ്, അപകടദിവസം പുറത്തുപോയ സോന എവിടെയൊക്കെയാണ് പോയതെന്നും എന്തൊക്കെയാണ് ചെയ്തതെന്നും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Leave a Reply