
തൃശൂർ. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ വരുമ്പോൾ മുൻ റവന്യൂ വകുപ്പ് മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ രാജന് ഒരു ഫോൺ കോൾ വന്നു. വെള്ളാർമല സ്‌കൂളിലെ കൂട്ടികളുടെയെല്ലാം പ്രിയങ്കരനായ ഉണ്ണി മാഷായിരുന്നു അത്. തൃശൂരിൽ ഒന്ന് കാണാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എട്ടുമണി കഴിയുന്നതോടെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്താമെന്ന് കെ രാജൻ ഉറപ്പ് നൽകി. അമ്പലപ്പുഴയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്ന ഉണ്ണിമാഷും കുടുംബവും അദ്ദേഹം വരുന്നതുവരെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നു.
നേരിൽ കണ്ട ഉടൻ സന്തോഷത്തോടെ ചെന്ന് വെള്ളാർമല സ്‌കൂളിനു വേണ്ടി ഒരു ഉപഹാരം തരാനാണ് വന്നതെന്ന് ഉണ്ണിമാഷ് പറഞ്ഞു. സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിം സന്തോഷപൂർവ്വം മാഷ് കൈമാറി. പിന്നീട് കെ രാജനെ കെട്ടിപിടിച്ച് ഉണ്ണിമാഷ് കരയാൻ തുടങ്ങി. നൽകിയ പിന്തുണക്കും സ്‌നേഹത്തിനുമൊക്കെ മാഷ് നന്ദി രേഖപ്പെടുത്തി. വളരെ വികാരനിർഭരമായി മാറിയ നിമിഷമായിരുന്നു അതെന്ന് മുൻ മന്ത്രി കെ രാജൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
വെള്ളാർമല സ്‌കൂളിന്റേയും കുട്ടികളുടേയും ഉയർച്ചക്ക് വേണ്ടി ചെയ്ത സഹായങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞായിരുന്നു ഉണ്ണിമാഷിന്റെ കരച്ചിൽ. വെള്ളാർമല സ്‌കൂൾ നൂറു ശതമാനം വിജയം നേടിയപ്പോൾ അവരെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. വെള്ളാർമലയിലേയും ചൂരൽ മലയിലേയും ഓരോ ചെറിയ മാറ്റങ്ങളും മുന്നേറ്റവും അറിയിക്കുന്നു എന്നുള്ളത് വലിയ സന്തോഷം നൽകുന്ന ഒന്നാണെന്നും മുൻ മന്ത്രി കെ. രാജൻ പറഞ്ഞു.

Leave a Reply