
തൃശൂർ: നിക്ഷേപലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂങ്കുന്നം കുട്ടംകുളങ്ങര സ്വദേശിനി വിളക്കേത്ത് വീട്ടിൽ വി.എസ്. അമ്പിളി, ഇവരുടെ സുഹൃത്തും അയൽവാസിയുമായ കുളമുള്ളിത്തൊടിയിൽ (കൊറ്റംപുള്ളി) മനോജ്, അമ്പിളിയുടെ ഭർത്താവ് വിളക്കേത്ത് വീട്ടിൽ അനിൽകുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കണ്ണംകുളങ്ങര സ്വദേശിനി റെബേക്ക സിജോ എന്ന വീട്ടമ്മ തൃശൂർ സിജെഎം കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.
2021 മുതൽ വിവിധ ഘട്ടങ്ങളിലായാണ് പണം തട്ടിയെടുത്തത്. അബുദാബി ആസ്ഥാനമായി അൽ അമൻ മെസ് ആൻഡ് കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്നതായി വിശ്വസിപ്പിച്ചാണു പ്രതികൾ തട്ടിപ്പു നടത്തിയത്. ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,000 രൂപ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മയിൽ നിന്നു പല തവണകളായാണ് പ്രതികൾ പണം വാങ്ങിയത്. അമ്പിളിയുടെ ഭർത്താവ് അനിൽകുമാർ അബുദാബിയിൽ സമാന സാമ്പത്തിക തട്ടിപ്പുകേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Leave a Reply