
പട്ടിക്കാട്. ചുവന്നമണ്ണ് സെന്ററിൽ അടിപ്പാത നിർമ്മിക്കുക, സർവീസ് റോഡ് പൂർത്തിയാക്കും വരെ സെന്ററിൽ സ്ഥാപിച്ച ഡിവൈഡർ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒല്ലൂർ എംഎൽഎ കെ. രാജൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് കത്ത് നൽകി.
മണ്ണുത്തി വടക്കാഞ്ചേരി റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സെന്ററാണ് ചുവന്നമണ്ണ്. ദേശീയപാതയുടെ ഇരുവശങ്ങളിലായി നിരവധി ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ട്രൈബൽ ഹോസ്റ്റൽ, ഇറിഗേഷൻ ഓഫീസ്, ആശുപത്രികൾ, പാൽസൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. കാൽനടയാത്രക്കാരെ കൂടാതെ കൂടാതെ ഒറവുംപാടം, മേലേച്ചിറ, പൂവൻചിറ, വാര്യത്തുകാട് തുടങ്ങിയ ഉൾപ്രദേശങ്ങളിലേക്കുള്ള ബസ്സ് സർവ്വീസുകളും ചെറുവാഹനങ്ങളും കടന്നുപോകുന്നതും ഈ സെന്റിലൂടെയാണ്.
ഇത്തരം സാഹചര്യം നിലനിൽക്കേ പ്രാദേശിക ഭരണകൂടങ്ങളോടോ, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളോടോ മുന്നറിയിപ്പ് പോലും നൽകാതെ നിലവിൽ ക്രോസ്സ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ദേശീയപാതയുടെ നടുവിലെ ഭാഗം അപ്രതീക്ഷിതമായി അടച്ചിരിക്കുകയാണ്. ഈ പ്രദേശത്തുനിന്ന് രണ്ടര കിലോമീറ്ററിലധികം മുന്നോട്ടോ അതിനേക്കാൾ കൂടുതൽ ദൂരം പിറകോട്ടോ സഞ്ചരിച്ചാൽ മാത്രമേ അത്രതന്നെ ദൂരം അടുത്ത വഴിയിലൂടെ സഞ്ചരിച്ച് എതിർവശത്തെ സ്ഥലത്ത് എത്താനാകൂ. വാഹനം വിളിച്ചാൽ വലിയതുക ചിലവ് വരും. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങൾക്കും ഏറെ ദൂരം യാത്ര ചെയ്യേണ്ടതായും അതുമൂലം യാത്രാ ചിലവ് വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ കരാറിലുണ്ടായിരുന്ന പ്രകാരം പ്രദേശത്തെ സർവ്വീസ് റോഡ് പൂർത്തിയാക്കുകയോ, വഴി വിളക്കുകളും സിഗ്‌നൽ ബോർഡുകളും പോലും സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇത് പൂർത്തിയാകുന്നതുവരെ പോലും കാത്തു നിൽക്കാതെയാണ് അപ്രതീക്ഷിതമായ നടപടി. നടപടിയിൽ പ്രതിഷേധിച്ച് എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും ചേർത്ത് സമരസമിതിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
ചുവന്നമണ്ണ് സെന്ററിൽ അടിപാത നിർമ്മിക്കുക, സർവ്വീസ് റോഡ് പൂർത്തിയാകുംവരെ എങ്കിലും ഇവിടെ സ്ഥാപിച്ച ഡിവൈഡർ മാറ്റുക തുടങ്ങിയ അടിയന്തിര കാര്യങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ നിർദ്ദേശം സംസ്ഥാന സർക്കാർ നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി എൻഎച്ച് അതോറിറ്റി, സ്ഥലത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേർക്കണമെന്നും കത്തിൽ എംഎൽഎ കെ രാജൻ ആവശ്യപ്പെട്ടു.

Leave a Reply