
പാലക്കാട്. കുഴൽമന്ദത്ത് ബൈക്ക് മറിഞ്ഞ് ആറ് മണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. ബുധനാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ തേങ്കുറുശ്ശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസാണ് (28) മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ നടക്കാൻ പോയവരാണ് പരിക്കേറ്റുകിടന്ന ഷിയാസിനെ കണ്ടത്. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാരാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം രാത്രിയായിരുന്നതിനാൽ വിവരം ആരും അറിഞ്ഞിരുന്നില്ല. അപകടത്തിലേറ്റ പരിക്കുമൂലം ഷിയാസിന് എഴുന്നേൽക്കാനുമായില്ല. രക്തംവാർന്ന് പോയതിനാൽ ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കാട്ടുപന്നിയോ നായയോ കുറുകേ ചാടിയതാകാം ബൈക്ക് നിയന്ത്രണം വിട്ട് മറിയാൻ കാരണമെന്നാണ് പോലീസ് കരുതുന്നത്.
കുനിശ്ശേരിയിൽ ആമസോൺ കമ്പനിയുടെ ഡെലിവറി പോയിന്റിലെ വാൻ െ്രെഡവറാണ് ഷിയാസ്. ബുധനാഴ്ച രാത്രി വൈകിയും ജോലിയുണ്ടായിരുന്നു. രാത്രി പതിനൊന്നുമണിയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ വൈകാതെ ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമെന്ന് കരുതുന്നു.

Leave a Reply