
തൃശൂർ: ഷിഗെല്ല രോഗബാധയെ തുടർന്ന് തൃശൂരിലും ഒരാൾ മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെമ്പോത്തുപറമ്പിൽ അബ്ദുൾ ജമാൽ നിയാസാണ് (43) മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയും വയറിളക്കവും ഛർദ്ദിയും വന്നതിനെതുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയാണ് നിയാസിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യ നില ഗുരുതരാവസ്ഥയിലാവുകയും പെട്ടെന്ന് മരിക്കുകയുമായിരുന്നു.
ഇതു സംബന്ധിച്ച് വീട്ടുകാർ ആശുപത്രിക്കെതിരേ പരാതി നൽകി. തുടർന്ന് കൊടകര പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം ഷിഗെല്ല രോഗ ബാധയാണെന്നു സ്ഥിരീകരിച്ചത്. സാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തൃക്കൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരനാണ് അബ്ദുൾ ജമാൽ നിയാസ്. ഏറെ നാളായി കൊടകര വാട്ടേക്കാട് ഭാര്യ വീടിനു സമീപം വാടകയ്ക്കാണ് താമസം.

Leave a Reply