
കൊച്ചി: വിനോദയാത്രയ്ക്കുപോയ അധ്യാപകരടക്കം 10 പേർ മരിക്കാനിടയായ വാൽപ്പാറ വാഹനാപകടത്തിനു പ്രാഥമിക കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും ആണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എൽ.പി. സ്‌കൂളിൽനിന്നുള്ള വിനോദയാത്രാ സംഘമാണ് ഏപ്രിൽ 17-ന് വാൽപ്പാറയിൽനിന്ന് പൊളാച്ചിയിലേക്കു പോകുംവഴി ഹെയർപിൻ വളവിൽ മറിഞ്ഞത്.
ഹെയർപിൻ വളവുകൾ ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗം നിരന്തരം ബ്രേക്കിൽ നിയന്ത്രിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗിയർ ഡൗൺ ചെയ്ത് എഞ്ചിൻ ഉപയോഗിച്ച് വേഗം നിയന്ത്രിച്ചില്ല. ഇതു ബ്രേക്ക് ഫെയ്ഡിങ്ങിന് കാരണമായി. ഇതോടെ വാഹനം നിയന്ത്രിക്കാൻ കഴിയാതായി. ഡ്രൈവർക്ക് മലയോരമേഖലയിൽ വാഹനമോടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നു.
ചെറിയ റോഡുകളിൽ വാഹനം ഓടിക്കുന്നതിലും പരിചയക്കുറവുണ്ടായിരുന്നു. അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണഭിത്തിക്കും മതിയായ ഉയരം ഉണ്ടായിരുന്നില്ല. അതിനാൽ വാഹനം മറിയുന്നത് തടയാനായില്ല. തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കിയതെന്നും പാലക്കാട് ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് വിങ് എം.വി.ഐ. കെ.കെ. അജിത്കുമാർ ഫയൽചെയ്ത റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Leave a Reply