
തൃശൂർ. കുന്ദംകുളം പെരുമ്പിലാവിൽ കാറിൽ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി സനൽ, മലപ്പുറം നന്നമുക്ക് സ്വദേശി മുബഷിർ എന്നിവർ അറസ്റ്റിലായി. കുന്ദംകുളം പോലീസും, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ച് ആയിരുന്നു പരിശോധന. വഴിയിൽ കാത്തുനിന്ന പോലീസ് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. പിന്നാലെയെത്തിയ പോലീസുകാരെ പ്രതികൾ സഞ്ചരിച്ച കാറുകൊണ്ട് ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് വാഹനത്തിന് കേടുപാടുകളും സംഭവിച്ചു. തുടർന്ന് പോലീസ് വാഹനം പിന്നാലെ പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പിടിയിലായ സനൽ കുന്ദംകുളം പോലീസ് സ്‌റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. നിലവിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply